കർണാടകയിലെ രൂക്ഷമായ വരൾച്ചയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ച ചെയ്യുന്നതിനായി കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കസ്തൂരിരംഗൻ റിപ്പോർട്ടിനെ എതിർക്കുന്ന വിഷയത്തിൽ ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും തമ്മിൽ ഏകാഭിപ്രായം രൂപപ്പെടാൻ സാധ്യതയുണ്ട്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം നടക്കുന്നത്. കർണാടകയിലെ 124 താലൂക്കുകളെ ഇതിനകം വരൾച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുകയാണ്. വരൾച്ചാ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപിയും ജെഡിഎസും ആരോപിക്കുമ്പോൾ, കേന്ദ്രസർക്കാരിൽനിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. കർഷകർക്ക് വായ്പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ പ്രഖ്യാപിക്കാത്തതിലും പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്.

കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തിലെ വലിയ പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്ന ഏഴാമത്തെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ ജൂലൈ 27ന് പുറത്തിറക്കിയിരുന്നു. എതിർപ്പുകൾ അറിയിക്കാൻ 60 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനങ്ങളോട് കർണാടക സർക്കാർ നേരത്തെ തന്നെ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഴാമത്തെ കരട് വിജ്ഞാപനപ്രകാരം ആറ് സംസ്ഥാനങ്ങളിലായി 56,000 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനാണ് നിർദേശം. കർണാടകയിലെ 10 ജില്ലകളിലായി 33 താലൂക്കുകളും 1,449 ഗ്രാമങ്ങളും ഉൾപ്പെടുന്ന 20,668 ചതുരശ്ര കിലോമീറ്റർ പ്രദേശവും പട്ടികയിൽ ഉൾപ്പെടുന്നു. പരിസ്ഥിതി ലോല മേഖലാ നിർദേശം കർഷകരുടെ ഉപജീവനത്തെയും ഭാവിയിലെ വികസന പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക സംസ്ഥാനത്തിനുണ്ട്.

Related Posts