തമിഴ്നാട് കോർപ്പറേഷൻ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന മണ്ണഞ്ചേരി സ്വദേശിനിയായ ഗൗരിനന്ദയ്ക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ എം.എ.സി. ട്രിബ്യൂണലിൻ്റെതാണ് ഉത്തരവ്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2023 നവംബർ 11നായിരുന്നു അപകടം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.എസ്.സി ഫിസിക്സ് വിദ്യാർഥിനിയായിരുന്ന ഗൗരിനന്ദ പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

തമിഴ്നാട്ടിലെ വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപം ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസിലേക്ക് തമിഴ്നാട് കോർപ്പറേഷൻ്റെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു.

അപകടത്തിൽ രണ്ട് വാഹനങ്ങളിലുമായി നാല് പേർ മരിക്കുകയും 16ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു.

ഗൗരിനന്ദയ്ക്ക് വേണ്ടി അഭിഭാഷകരായ ജോസ് വൈ. ജെയിംസും കെ.പി. ജോബിയും കോടതിയിൽ ഹാജരായി.

Related Posts