കർണാടകയിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിയുടെ ഭാഗമായി കർണാടകയിലെ 1,07,96,415 വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കിയെന്നാണ് വേണുഗോപാലിൻ്റെ ആരോപണം. സംസ്ഥാനത്തെ 5.54 കോടി വോട്ടർമാരിൽ ഏകദേശം 23 ശതമാനം പേരാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പേരുകൾ നീക്കം ചെയ്തതിൽ സുതാര്യതയില്ലെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. ഏകദേശം 43 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും, ഇവരുടെ പേരുകളും നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. നടപടിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കും പരാതികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ മതിയായ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർപട്ടികയിലെ SIR നടപടിയിൽ കോൺഗ്രസ് ജാഗ്രതയോടെ ഇടപെടുമെന്നും ക്രമക്കേടുകൾ അനുവദിക്കില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ജനങ്ങളുടെ വിധിയിലൂടെ ജയിക്കണമെന്നും വോട്ട് വെട്ടിപ്പിലൂടെ അല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, പേരുകൾ നീക്കം ചെയ്യുന്നത് യഥാർഥ പരിശോധനയുടെ ഭാഗമാണെങ്കിൽ എതിർപ്പില്ലെന്നും എന്നാൽ നടപടിയുടെ സുതാര്യത സംബന്ധിച്ച് ആശങ്കകളുണ്ടെന്നുമാണ് വേണുഗോപാലിൻ്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നീതിപൂർവവുമായ SIR ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഐ.ആർ നടപടികൾ നീതിയുക്തമാണെന്ന് ഉറപ്പാക്കാൻ അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗളൂരുവിൽ പുതുതായി നിയമിതരായ ഡി.സി.സി അധ്യക്ഷന്മാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ.

Related Posts