18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഗോള വെല്ലുവിളികളെ നേരിടാൻ സഹകരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തു.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോളതലത്തിൽ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ബ്രിക്സ് കൂടുതൽ സജീവമായി ഇടപെടണമെന്ന് മോദി പറഞ്ഞു. മാനവരാശിയുടെ അഭിവൃദ്ധിക്കായി കൂട്ടായ പ്രവർത്തനങ്ങളിലൂടെ മുന്നേറണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചകോടിയിൽ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം ബ്രിക്സിൻ്റെ ഭാവി സഹകരണത്തിന് വ്യക്തമായ ദിശാബോധം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സ് മൂന്നാം പതിറ്റാണ്ടിലേക്ക് കടക്കുകയാണ്. ആശയങ്ങളും വാഗ്ദാനങ്ങളും മാത്രമല്ല, മൂർത്തമായ ഫലങ്ങളാണ് ലോകം ബ്രിക്സ് രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മോദി വ്യക്തമാക്കി.

സാങ്കേതികവിദ്യയുടെയും നിർണായക ധാതുക്കളുടെയും ആയുധവൽക്കരണത്തിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രവണതകൾ ആഗോള സഹകരണത്തെയും രാജ്യങ്ങളുടെ വികസനത്തെയും ബാധിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. അടുത്ത ആതിഥേയ രാജ്യമെന്ന നിലയിൽ ചൈനയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി സമാപന പ്രസംഗത്തിൽ മോദി അറിയിച്ചു. കൂട്ടായ പരിശ്രമങ്ങളിലൂടെ ലോകത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ബ്രിക്സ് രാജ്യങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Posts