കർണാടകയിലെ വോട്ടർപട്ടിക സമഗ്രമായി പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ)യിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തി. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, സെറോദ സഹസ്ഥാപകരായ നിതിൻ കാമത്ത്, നിഖിൽ കാമത്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ വോട്ടർ വിവരങ്ങളിലും പ്രാഥമിക പരിശോധനയിൽ അപാകത രേഖപ്പെടുത്തി.

മുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ മാതാവ് ഗൗരമ്മയുടെ പേരിലും പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്. കനകപുര മണ്ഡലത്തിലെ വോട്ടറായ ഗൗരമ്മയുടെ പേരിലെ അക്ഷരത്തെറ്റാണ് കമ്പ്യൂട്ടർ പരിശോധനയിൽ കണ്ടെത്തിയത്.

2002ലെ വോട്ടർപട്ടികയിലെ വിവരങ്ങൾ നിലവിലെ പട്ടികയുമായി ഒത്തുനോക്കുന്നതിനിടെയാണ് വ്യാപകമായ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. നന്ദൻ നിലേകനിയുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ പഴയ പട്ടികയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

ബംഗളൂരു സൗത്ത് മണ്ഡലത്തിലെ വോട്ടർമാരായ നിതിൻ കാമത്ത്, നിഖിൽ കാമത്ത്, ഇവരുടെ മാതാവ് രേവതി കാമത്ത് എന്നിവരുടെ വിവരങ്ങളിലും മാതാപിതാക്കളുടെ പേരുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ കണ്ടെത്തി. കന്നഡ സിനിമാതാരം ശിവരാജ്കുമാറിൻ്റെ പേര് 2002ലെ പട്ടികയിൽ കണ്ടെത്താനാകാത്തതിനെ തുടർന്നും വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് രേഖപ്പെടുത്തി നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്.

കർണാടകയിലെ കരട് വോട്ടർപട്ടികയിൽ ഏകദേശം നാലര കോടി വോട്ടർമാരാണുള്ളത്. ബംഗളൂരു നഗരത്തിൽ മാത്രം പേരുകളും വിവരങ്ങളും പൊരുത്തപ്പെടാത്തതിനെ തുടർന്ന് കമ്പ്യൂട്ടർ വഴി 24 ലക്ഷത്തിലധികം നോട്ടീസുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ആറ് ലക്ഷത്തിലധികം പേരുടെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

അതേസമയം, 17 ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ പഴയ പട്ടികയുമായി ഒത്തുപോകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതുവരെ രണ്ടര ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ പരിശോധിച്ച് തീർപ്പാക്കിയിട്ടുണ്ട്. തെറ്റുകൾ പൂർണമായി തിരുത്തി കുറ്റമറ്റ വോട്ടർപട്ടിക ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

Related Posts