ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. ദില്ലിയിൽ ശക്തമായ മഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചു.
കനത്ത മഴയിൽ ദില്ലിയിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മഴയെ തുടർന്ന് ദില്ലി വിമാനത്താവളത്തിലെ ഒരു ടെർമിനലിലും വെള്ളം കയറി. ഇതോടെ ഒൻപത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി രാജ്യാന്തര വിമാന സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചു.
ഉത്തർപ്രദേശിലും ബിഹാറിലും കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും പ്രളയഭീഷണിയും വർധിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് നിരവധി പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇരു സംസ്ഥാനങ്ങളിലും അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.