ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഏകാദശി ആരാധനകൾക്കായി ഭക്തർ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. കൃഷിമന്ത്രി കെ. അപ്പനായിഡു ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായി മന്ത്രി അറിയിച്ചു.
‘ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഉണ്ടായ അപകടം ഞെട്ടലുണ്ടാക്കി. ഭക്തരുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് എത്രയും വേഗത്തിൽ ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിക്കാനും ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാനും പ്രാദേശിക ഉദ്യോഗസ്ഥരോടും പൊതുജന പ്രതിനിധികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.