തമിഴ്നാട്ടിൽ ക്ഷീരകർഷകരിൽ നിന്ന് ആവിൻ ശേഖരിക്കുന്ന പാലിൻ്റെ സംഭരണവില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 41 രൂപയായിരുന്ന സംഭരണവില മൂന്ന് രൂപ വർധിപ്പിച്ച് 44 രൂപയാക്കി. കാലിത്തീറ്റയുടെയും പരിപാലനത്തിൻ്റെയും ചെലവ് വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമം പരിഗണിച്ചാണ് വില വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു. ഓഗസ്റ്റിൽ ആദ്യഘട്ടമായി സംഭരണവില 38 രൂപയിൽ നിന്ന് 41 രൂപയായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മൂന്ന് രൂപ വർധിപ്പിച്ചത്.

വില വർധനയിലൂടെ ആവിന് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ പൂർണമായും വഹിക്കും. പ്രതിമാസം ഏകദേശം 60 കോടി രൂപയും പ്രതിവർഷം 720 കോടി രൂപയുമാണ് ഇതിനായി സർക്കാരിന് അധികമായി ചെലവാകുക.

സംസ്ഥാനത്തെ 3.16 ലക്ഷത്തിലധികം പാൽ ഉത്പാദകർക്ക് പുതിയ വില വർധനയുടെ പ്രയോജനം ലഭിക്കും. ഉത്പാദനച്ചെലവ് ഉയർന്ന സാഹചര്യത്തിൽ പുതിയ തീരുമാനം ക്ഷീരകർഷകർക്ക് ആശ്വാസമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Related Posts