സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ദി ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പറയാൻ കോടതിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കോടതി രൂപീകരിച്ചത് തന്നെ കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം തുടരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്.
കരാർ ഏകപക്ഷീയമായി നിർത്തിവെക്കാനോ റദ്ദാക്കാനോ ഇന്ത്യക്ക് അവകാശമില്ലെന്നും കരാർ പൂർണമായി പ്രാബല്യത്തിൽ തുടരുന്നുവെന്നുമായിരുന്നു ആർബിട്രേഷൻ കോടതിയുടെ നിലപാട്. ജമ്മു കശ്മീരിലെ രത്‌ലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ലോകബാങ്കിൻ്റെ കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് ആർബിട്രേഷൻ കോടതി രൂപീകരിച്ചതെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ കോടതിയുടെ നിയമപരമായ അധികാരം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും നടപടികളിൽ പങ്കെടുത്തിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിലും ജമ്മു കശ്മീരിലെ വികസന പദ്ധതികളിലും ഇടപെടാൻ ആർബിട്രേഷൻ കോടതിക്ക് അധികാരമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സിന്ധു നദീജല കരാർ സംബന്ധിച്ച ഇന്ത്യയുടെ നിലവിലെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.