ശിവാജിനഗർ സെൻറ് മേരീസ് ബസിലിക്കയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് തുടക്കമായി. ആർച്ച് ബിഷപ് എമിരിറ്റസ് ഡോ.ബെർണാഡ് മൊറൈസ് തിരുനാൾ കൊടിയേറ്റി. സഹായമെത്രാൻ ഡോ. ജോസഫ് സൂസൈനാഥൻ സഹകാർമികനായി. റിസ്വാൻ അർഷദ് എംഎൽഎ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

തിരുനാൾ സമാപനദിനം വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് കൊടിയേറ്റും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. രാവിലെ 5.30 മുതൽ രാത്രി 9 വരെ വിവിധ സമയങ്ങളിലായി കന്നഡ, തമിഴ്, ഇംഗ്ലീഷ്, കൊങ്കണി ഭാഷകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മലയാളം കുർബാന ദിവസവും ഉച്ചകഴിഞ്ഞ് 2.15ന് നടക്കും.

തിരുനാളിൻ്റെ സമാപനദിനമായ സെപ്റ്റംബർ 8ന് വൈകിട്ട് 5.30ന് രഥഘോഷയാത്ര ആരംഭിക്കും. തുടർന്ന് ഇംഗ്ലീഷ്, കന്നഡ ഭാഷകളിൽ വിശുദ്ധ കുർബാനയും ആശീർവാദവും നടക്കും.

തിരുനാളിനോടനുബന്ധിച്ച് ബസിലിക്കയിലും പരിസര പ്രദേശങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരുനാൾ ദിവസങ്ങളിൽ വിവിധ ഭാഷകളിലായി നടക്കുന്ന കുർബാനകളിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുമെന്ന് ബസിലിക്ക വികാരി ഫാ. ആരോഗ്യസാമി സെബാസ്റ്റ്യൻ അറിയിച്ചു.

Related Posts