ഗൃഹജ്യോതി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പുനഃപരിശോധന പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തിരിക്കെ ബെംഗളൂരുവിൽ ബെസ്കോമിന് മുന്നിൽ വലിയ വെല്ലുവിളിയായി അടഞ്ഞുകിടക്കുന്ന വീടുകളും ഗേറ്റഡ് കമ്മ്യൂണിറ്റികളും. പ്രത്യേകിച്ച് കിഴക്കൻ ബെംഗളൂരുവിലെ വൻ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലേക്ക് പരിശോധനാ സംഘങ്ങൾക്ക് പ്രവേശനം ലഭിക്കാത്തതാണ് നടപടികൾ മന്ദഗതിയിലാക്കുന്നത്.

ബെസ്കോം പരിധിയിൽ ഗൃഹജ്യോതി പദ്ധതിയിലെ 68.9 ലക്ഷം ഗുണഭോക്താക്കളിൽ ഏകദേശം 66 ശതമാനത്തിൻ്റെ പരിശോധന മാത്രമാണ് ഇതുവരെ പൂർത്തിയായത്. സംസ്ഥാനത്തെ അഞ്ച് വൈദ്യുതി വിതരണ കമ്പനികളിലായി ഏകദേശം 1.2 കോടി പേരുടെ പരിശോധന പൂർത്തിയായിട്ടുണ്ട്.

വീട്ടിലില്ലാത്ത ഗുണഭോക്താക്കൾ, ജോലിക്കായി മറ്റ് നഗരങ്ങളിലോ വിദേശത്തോ കഴിയുന്നവർ, അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിൽ പ്രവേശനം ലഭിക്കാത്തത് എന്നിവയാണ് പരിശോധന പൂർത്തിയാകാത്തതിൻ്റെ പ്രധാന കാരണങ്ങൾ. പരിശോധന പൂർത്തിയാക്കാനാകാത്തവരിൽ ഏകദേശം 20 ശതമാനം പേർ ഈ വിഭാഗങ്ങളിൽപ്പെടുന്നതായാണ് ഉദ്യോഗസ്ഥരുടെ കണക്ക്.

തുടർച്ചയായി മൂന്ന് തവണ വീട്ടിലെത്തിയിട്ടും ആളെ കണ്ടെത്താനായില്ലെങ്കിൽ ബെസ്കോമിൻ്റെ മൊബൈൽ ആപ്പിൽ വീടിനെ ‘door-locked’ ആയി രേഖപ്പെടുത്തും. തുടർന്ന് ഉപഭോക്താവിന് മെസ്സേജ് അയച്ച് ബന്ധപ്പെട്ട ഡിവിഷൻ എൻജിനീയറുമായി സമയം നിശ്ചയിച്ച് പരിശോധന പൂർത്തിയാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗൃഹജ്യോതി പരിശോധനയുടെ സമയപരിധി ഓഗസ്റ്റ് 31 വരെയാണ്. പരിശോധന പൂർത്തിയാക്കാൻ ഒരുമാസം കൂടി സമയം അനുവദിക്കണമെന്ന് ബെസ്കോം ഊർജവകുപ്പിനോട് ആവശ്യപ്പെടാനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

Related Posts