അമേരിക്കയിൽ ചുഴലിക്കാറ്റിൽ 34 പേർ മരണപ്പെട്ടു. ടെക്സസ്, മിസോറി, ഒക്ലഹോമ, എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കൂടുതൽ മരണങ്ങൾ മിസോറിയിലാണ് രേഖപ്പെടുത്തിയത്, മിസോറിൽ 12 പേർ മരിച്ചു. കൻസാസിൽ ഒരു ഹൈവേയിൽ വെള്ളിയാഴ്ച 50 ലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് പേരാണ് മരിച്ചത്. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല.
മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. സുരക്ഷിത സ്ഥാനങ്ങളിലേക്ക് കാലാവസ്ഥ അനുകൂലമാകുന്നത് വരെ മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകി. കാലാവസ്ഥ ശനിയാഴ്ച വൈകുന്നേരം മുതൽ കൂടുതൽ രൂക്ഷമായിട്ടുണ്ട്. ജോർജിയ, അർക്കൻ സാസ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.