യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയിയുടെ മൃതദേഹം ഓഗസ്റ്റ് 24ന് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കും. 26കാരനായ അഖിലിന്റെ മൃതദേഹം റോഡ് മാർഗം യുക്രെയ്നിൽ നിന്ന് മോൾഡോവയിലെ ചിസിനാവിലേക്ക് എത്തിച്ച ശേഷം അവിടെനിന്ന് ഇസ്താംബുൾ വഴി ബെംഗളൂരുവിലേക്ക് വിമാനമാർഗം കൊണ്ടുവരും.
ഓഗസ്റ്റ് 23ന് മൃതദേഹം ബെംഗളൂരുവിലെത്തും. തുടർന്ന് ആംബുലൻസിൽ 24ന് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിക്കാനാണ് ക്രമീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കീവിലെ ഇന്ത്യൻ എംബസിയിൽനിന്നും നോർക്കയിൽനിന്നും ജില്ലാ കളക്ടർക്ക് ലഭിച്ചിട്ടുണ്ട്.
ജൂലൈ 20നാണ് അഖിൽ കൊല്ലപ്പെട്ട വിവരം അധികൃതർ കുടുംബത്തെ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ട് അഭ്യർഥിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയം യുക്രെയ്നിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്.