ഓണാവധിക്ക് നാട്ടിലേക്ക് പോകുന്ന ബെംഗളൂരു ആസ്ഥാനമായ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ മലയാളി വിദ്യാർഥികൾക്കായി കർണാടക ആർ.ടി.സി. പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി.സി. ഭഗവാൻ കർണാടക ആർ.ടി.സി. അധികൃതർക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സർവീസുകൾ അനുവദിച്ചത്.
യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് നാട്ടിലേക്ക് പോകാൻ ആവശ്യത്തിന് വിദ്യാർഥികളുണ്ടെങ്കിൽ, അതത് കോളേജ് അധികൃതർക്ക് നേരിട്ട് കർണാടക ആർ.ടി.സി.യെ സമീപിച്ച് പ്രത്യേക ബസ് ആവശ്യപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ മലയാളി വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകും പ്രത്യേക സർവീസുകൾ.