മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറുന്നതുവരെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അടുത്ത ആഴ്ച താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ എ.കെ.എം. ഷാഹിദുൽ കരീം തള്ളി. ഉഭയകക്ഷി സന്ദർശനത്തിന് അനുയോജ്യമായ അന്തരീക്ഷം ആദ്യം സൃഷ്ടിക്കപ്പെടണമെന്നും അതിനായി ഷെയ്ഖ് ഹസീനയെയും മറ്റ് പിടികിട്ടാപ്പുള്ളികളെയും കൈമാറുന്നതിനുള്ള നടപടികൾ ഇന്ത്യ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2024ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൈമാറൽ അപേക്ഷ നിലവിൽ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.

ഫെബ്രുവരിയിൽ അധികാരമേറ്റതിന് ശേഷം താരിഖ് റഹ്മാൻ മലേഷ്യയും ചൈനയും സന്ദർശിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയത്തിലൂന്നിയാകും സർക്കാർ മുന്നോട്ടുപോകുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Posts