ബെംഗളൂരുവിലെ അനന്ത് നഗറിൽ മോശം റോഡിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രദേശവാസികൾ മെഴുകുതിരി മാർച്ച് നടത്തി. ഇലക്ട്രോണിക് സിറ്റി ഫേസ്-2ന് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധം.
കേന്ദ്ര സർക്കാർ ജീവനക്കാരിയായ മേധ അകർശ് ജോലിക്ക് പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ നിന്ന് വീണാണ് മരിച്ചത്. വീട്ടിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ റോഡിലെ മോശം അവസ്ഥയെ തുടർന്ന് വാഹനം തെന്നിമാറിയതായാണ് റിപ്പോർട്ട്. തുടർന്ന് മറ്റൊരു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു.
അനന്ത് നഗറിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് ചന്ദാപുര മുനിസിപ്പൽ കൗൺസിലിനെയും അധികൃതരെയും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. വർഷങ്ങളായി റോഡുകൾ മോശം നിലയിലാണെന്നും അറ്റകുറ്റപ്പണികൾ നടത്തിയ ശേഷവും വീണ്ടും കുഴികൾ രൂപപ്പെട്ടെന്നും പ്രദേശവാസികൾ ആരോപിച്ചു.
അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് പിന്നാലെ റോഡ് കരാറുകാർ ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം നടത്താൻ മുനിസിപ്പൽ കൗൺസിൽ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്.