വാഷിങ്ടൺ: രാജ്യസുരക്ഷ ശക്തമാക്കുന്നതിൻ്റെയും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിൻ്റെയും ഭാഗമായി 1.75 ലക്ഷത്തിലധികം വിസകൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയതായി റിപ്പോർട്ട്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് പിന്നിൽ.

അക്രമം, മദ്യപിച്ച് വാഹനമോടിക്കൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട വിദേശികളുടെ വിസകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. വിദ്യാർഥി വിസകളും തൊഴിൽ വിസകളും റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.

വിദേശ പൗരന്മാരുടെ പശ്ചാത്തലവും നിയമപരമായ നിലയും നിരന്തരം പരിശോധിക്കുന്നതിൻ്റെ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. വിസ അനുവദിച്ച ശേഷം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവരെയും സുരക്ഷാ ഭീഷണിയാകുന്നവരെയും നിരീക്ഷിക്കുന്ന നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

നിയമലംഘനം കണ്ടെത്തുന്ന സാഹചര്യത്തിൽ വിസ റദ്ദാക്കൽ, രാജ്യത്ത് നിന്ന് പുറത്താക്കൽ (നാടുകടത്തൽ) തുടങ്ങിയ നടപടികൾ തുടരുമെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അമേരിക്കയിൽ പഠനത്തിനും ജോലിക്കുമായി കഴിയുന്ന വിദേശികൾക്ക് കുടിയേറ്റ നിയമങ്ങൾ കർശനമായി പാലിക്കേണ്ട സാഹചര്യം കൂടുതൽ ശക്തമാകുകയാണ്.

Related Posts