പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ബെംഗളൂരു നഗരത്തിലെ പൊതുഗതാഗതം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികളുമായി ബി.എം.ടി.സി. പദ്ധതിയിലൂടെ ലഭിക്കുന്ന 4500 പുതിയ ഇലക്ട്രിക് ബസുകൾ സർവീസിന് എത്തിക്കുന്നതിൻ്റെ ഭാഗമായി നഗരത്തിലെ 31 ഡിപ്പോകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിൻ്റെ ഭാഗമായി 12 ഡിപ്പോകൾ പൂർണമായും ഇലക്ട്രിക് ബസുകളുടെ പ്രവർത്തനത്തിനായി മാറ്റിവയ്ക്കാനും ബി.എം.ടി.സി തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നഗരത്തിലെ 10 ഡിപ്പോകളിലാണ് ഇലക്ട്രിക് ബസുകൾക്കായുള്ള ചാർജിങ് സൗകര്യം നിലവിലുള്ളത്.
പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി കർണാടകയ്ക്ക് ലഭിക്കുന്ന 1505 കോടി രൂപയുടെ സബ്സിഡി പുതിയ ബസുകൾ നേരിട്ട് വാങ്ങുന്നതിനേക്കാൾ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിനിയോഗിക്കാനാണ് തീരുമാനം. ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് പ്രധാനമായും തുക ഉപയോഗിക്കുക.
പുതിയ ഇലക്ട്രിക് ബസുകൾ ബി.എം.ടി.സി നേരിട്ട് വാങ്ങി സർവീസ് നടത്തുന്നതിന് പകരം സ്വകാര്യ കമ്പനികൾ ബി.എം.ടി.സി നിശ്ചയിക്കുന്ന വാടക നിരക്കിൽ ബസുകൾ ഓടിക്കുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. നിലവിൽ ബി.എം.ടി.സിയുടെ കീഴിൽ 6,955 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 1,768 എണ്ണം ഇലക്ട്രിക് ബസുകളാണ്. പുതിയ 4,500 ഇലക്ട്രിക് ബസുകൾ കൂടി എത്തുന്നതോടെ ബെംഗളൂരുവിലെ പൊതുഗതാഗത മേഖലയിൽ ഇലക്ട്രിക് ബസുകളുടെ സാന്നിധ്യം ഗണ്യമായി വർധിക്കും.