കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി.ബസിനുനേരെ ആക്രമണം. കാറിൽ തോക്കുമായി വന്നയാൾ ആക്രമണത്തിന് മുതിരുകയായിരുന്നു. ആദ്യം തോക്കു ചൂണ്ടി ആക്രമിക്കാൻ ശ്രമിക്കുകയും കമ്പിക്കഷണമെടുത്ത് ബസിൻ്റെ ഹെഡ്‌ലൈറ്റ് തകർക്കുകയും ചെയ്‌തു. കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ബസിനെ മറികടന്നുവന്ന് തടഞ്ഞുനിർത്തുകയായിരുന്നു. കുടകിലെ ഗോണിക്കുപ്പയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. ബസ് ജീവനക്കാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ പൊന്നമ്പേട് പോലീസ് കേസെടുത്തു. . ഇയാൾ കർണാടക രജിസ്ട്രേഷൻ കാറിലാണ് എത്തിയതെന്നും അക്രമിയെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
യാതൊരു പ്രകോപനവും ഇല്ലാതെ ഇയാൾ കാറിൽനിന്ന് തോക്കെടുത്ത് ബസിനുനേരെ ചൂണ്ടുകയായിരുന്നു. ഇയാൾ വെടിയുതിർക്കുമെന്ന് ഭീഷണിമുഴക്കിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും ഭയന്നു. ഇയാൾ കാർ മാറ്റാതെ നിന്നതോടെ റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. പിറകിൽ വന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, ഇയാളെ നിർബന്ധിച്ച് കാർ മാറ്റാൻ നിർബന്ധിക്കുകയായിരുന്നു. ബസ് വീണ്ടും യാത്ര പുറപ്പെടാൻ തുടങ്ങിയപ്പോൾ ഇയാൾ വീണ്ടും ഭീഷണിപ്പെടുത്തുകയും ഇരുമ്പുവടിയെടുത്ത് ബസിനുനേരെ എറിയുകയുമായിരുന്നു. ഇതോടെ, ബസ് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് വന്നപ്പോഴേക്കും ഇയാൾ കാറുമായി കടന്നുകളഞ്ഞു.