കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13-ന് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച കർണാടക ബന്ദിന് വിവിധ മേഖലകളിൽ നിന്ന് വ്യാപക പിന്തുണ ലഭിക്കുന്നു. സ്കൂൾ മാനേജ്മെന്റുകൾ, ഓട്ടോ-ടാക്സി സംഘടനകൾ, കന്നഡ സിനിമാ മേഖല എന്നിവ ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബെംഗളൂരുവിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് മുതിർന്ന കന്നഡ നേതാവ് വാട്ടാൾ നാഗരാജ് ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദ് ആചരിക്കുമെന്നും ആശുപത്രി, ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ ഒഴികെ സംസ്ഥാനത്തെ മിക്ക സേവനങ്ങളും തടസപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. കർഷകരും സമരത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവേരി ജല മാനേജ്മെന്റ് അതോറിറ്റി തമിഴ്നാടിന് 3,500 ഘനയടി വെള്ളം വിട്ടുനൽകാൻ നൽകിയ നിർദേശത്തിനെതിരെയാണ് ബന്ദ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിൻ്റെ ജലാവകാശം സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തിയാണ് വിവിധ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നത്.

ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾസ് ഇൻ കർണാടക (KAMS) തങ്ങളുടെ അംഗ സ്കൂളുകൾ അന്നേദിവസം അടച്ചിടുമെന്ന് അറിയിച്ചു. ആദർശ ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഉൾപ്പെടെ നിരവധി ഓട്ടോ സംഘടനകളും ബന്ദിൽ പങ്കെടുക്കും. കന്നഡ സിനിമാ മേഖലയുടെയും പൂർണ പിന്തുണ ബന്ദിനുണ്ടാകുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു. സംസ്ഥാനത്ത് ബന്ദ് ദിനത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Related Posts