സിറിയയില്‍ ഇടക്കാല സര്‍ക്കാരിൻ്റെ സൈനികരും സിറിയയുടെ മുന്‍ പ്രസിഡൻ്റ് ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍. അസദിൻ്റെ നാടായ ലദാക്കിയ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം വ്യാപകമാവുന്നത്. ഇതുവരെ 200 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇടക്കാല സര്‍ക്കാരിൻ്റെ 50 സൈനികരും അസദ് അനുകൂലികളായ 45 പേരും കൊല്ലപ്പെട്ടു. ഇടക്കാല സര്‍ക്കാരിൻ്റെ സൈനികര്‍ ലദാക്കിയയിലെ അലവി വിഭാഗക്കാരെ വെടിവച്ചു കൊല്ലുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗ്രാമങ്ങളില്‍ 140 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച്ച തുടങ്ങിയ സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹഫ, ഷീര്‍, എന്നീ ഗ്രാമങ്ങളില്‍ കടന്ന സര്‍ക്കാര്‍ സൈന്യം സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കി 69 പുരുഷന്‍മാരെ കൊന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സര്‍ക്കാര്‍ സൈന്യം മുന്നില്‍ കണ്ട ഓരോ പുരുഷന്‍മാരെയും വെടിവച്ചു കൊന്നെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ബനിയാസ് നഗരത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 70തോളം പേര്‍ കൊല്ലപ്പെട്ടു. മുഖ്താറിയെഹ് ഗ്രാമത്തില്‍ മാത്രം 30 പേര്‍ കൊല്ലപ്പെട്ടെന്ന് ബെയ്‌റൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.