തുമകൂരുവിലെ ജൂവലറിയിൽ നിന്ന് പത്തുലക്ഷം രൂപ വിലമതിക്കുന്ന വജ്രവും സ്വർണാഭരണങ്ങളും ദുരൂഹമായി കാണാതായ സംഭവത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. കടയുടെ ഷട്ടറോ പൂട്ടോ പൊളിക്കാതെയായിരുന്നു ആഭരണങ്ങൾ അപ്രത്യക്ഷമായത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളൻ മറ്റാരുമല്ല, ഒരു എലിയാണെന്ന് കണ്ടെത്തിയത്.
തുമകൂരു നഗരത്തിലെ കാൽടെക്സ് സർക്കിളിന് സമീപമുള്ള വിശ്വാസ് ജൂവലറിയിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെയോടെ എലി ഷോറൂമിനുള്ളിൽ കടന്ന് വജ്രവും സ്വർണാഭരണങ്ങളും കടിച്ചെടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
തുടർന്ന് ജീവനക്കാർ എലിയുടെ സഞ്ചാരപാത പിന്തുടർന്ന് കടയ്ക്കുള്ളിലെ മാളം കണ്ടെത്തി. തറയ്ക്കടിയിലെ മാളം പരിശോധിക്കാൻ ചെറുക്യാമറയും ഉപയോഗിച്ചു. ഒടുവിൽ മാളത്തിനുള്ളിൽ നിന്ന് കാണാതായ വജ്രം പതിച്ച പത്ത് സ്വർണമോതിരങ്ങളും മൂന്ന് സ്വർണമാലകളും കണ്ടെത്തി. ഇതോടെ വലിയ ആശങ്ക സൃഷ്ടിച്ച മോഷണത്തിന് അപ്രതീക്ഷിതമായാണ് വിരാമമായത്.