എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടുമായ ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. കേസിൻ്റെ അടുത്ത വാദം നടക്കുന്നത് വരെ അറസ്റ്റ് നടപടികൾക്ക് കോടതി വിലക്കേർപ്പെടുത്തി.

ഡൽഹി പൊലീസ് തുടർച്ചയായി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ രാത്രിയും എകെജി ഭവന് സമീപത്തെത്തിയ പൊലീസ് സംഘം ഐഷിയെ അന്വേഷിച്ചതായി റിപ്പോർട്ടുണ്ട്.

2021-ൽ ഡൽഹിയിലെ ബംഗള ഭവനിലേക്ക് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹി പൊലീസ് ഐഷി ഘോഷിനെതിരെ നടപടി സ്വീകരിക്കുന്നത്. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. അതേസമയം, ജന്തർ മന്തറിൽ സിപിഐ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിലും ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. കേസിൽ നാളത്തെ കോടതി വാദത്തിന് ശേഷമായിരിക്കും തുടർനടപടികളിൽ വ്യക്തത വരിക.

Related Posts