ബെംഗളൂരു നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകളിൽ കെട്ടിക്കിടക്കുന്ന നിർമ്മാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും കാടുപിടിച്ച ചെടികളും ഓഗസ്റ്റ് 15നകം നീക്കം ചെയ്യണമെന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നിർദേശം നൽകി. നിർദേശം പാലിക്കാത്ത പ്ലോട്ട് ഉടമകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
GBA ചീഫ് കമ്മീഷണർ എം. മഹേശ്വര റാവു ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് പിഴ നടപടികൾ വ്യക്തമാക്കിയത്. ഓഗസ്റ്റിൽ ആരംഭിക്കുന്ന ഒരു മാസം നീളുന്ന ‘ഫ്രീഡം ഫ്രം വേസ്റ്റ്’ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായാണ് നടപടി.
ആദ്യ നിയമലംഘനത്തിന് 25,000 രൂപ പിഴ ചുമത്തും. രണ്ടാം തവണയും വീഴ്ച വരുത്തിയാൽ പിഴ ഇരട്ടിയാകും. തുടർന്നുള്ള ലംഘനങ്ങൾക്ക് 1 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
മാലിന്യം നിറഞ്ഞ ഒഴിഞ്ഞ പ്ലോട്ടുകളുടെ ചിത്രങ്ങളും ജിപിഎസ് ലൊക്കേഷനും സഹിതം പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് വഴി വിവരം അറിയിക്കാമെന്നും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു. വിവരദാതാക്കളുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരു അർബൻ ഡെവലപ്മെന്റ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ജൂലൈ 14ന് നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് ഓഗസ്റ്റ് 15 സമയപരിധി പ്രഖ്യാപിച്ചത്. നഗരത്തിൽ 1,616 സ്ഥലങ്ങളിൽ ഏകദേശം 22,732 ടൺ നിർമ്മാണ മാലിന്യങ്ങൾ കണ്ടെത്തിയതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു.
ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കുന്നതിനുള്ള ചെലവ് ആദ്യം പ്രോപ്പർട്ടി ടാക്സിനൊപ്പം ഈടാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും, പിഴ നേരിട്ട് ഈടാക്കുമോ അതോ നികുതിയിൽ ഉൾപ്പെടുത്തുമോ എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, നിർമ്മാണ-പൊളിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും ജിപിഎസ് ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുകയും വേണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.