കാവേരി ജലവിഹിത തർക്കവും മേക്കേദാട്ടു അണക്കെട്ട് പദ്ധതിയും സംബന്ധിച്ച് കർണാടകയും തമിഴ്നാടും തമ്മിൽ നിർണായക ചർച്ചയ്ക്ക് വേദിയൊരുങ്ങുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഓഗസ്റ്റ് ആദ്യവാരം കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തും.

തമിഴ്നാട് കൃഷിമന്ത്രി ആർ. വിനോദാണ് ചർച്ചയുടെ വിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 3-ന് ബെംഗളൂരുവിൽ ചർച്ച നടക്കുമെന്നാണ് വിവരം. കാവേരി ജലവിഷയത്തിൽ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ നേരിട്ട് ചർച്ച നടത്തുന്നത് ഏകദേശം 14 വർഷങ്ങൾക്ക് ശേഷമാണ്.

2012-ൽ സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ബെംഗളൂരുവിൽ ചർച്ച നടത്തിയിരുന്നെങ്കിലും, അന്ന് വിഷയത്തിൽ വ്യക്തമായ ധാരണയിലോ പരിഹാരത്തിലോ എത്താനായിരുന്നില്ല.

ഇത്തവണ കാവേരി ജലവിഹിതം, മേക്കേദാട്ടു അണക്കെട്ട് പദ്ധതി, കുടിവെള്ള-ജലസേചന ആവശ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി തുടരുന്ന ജലതർക്കത്തിന് ഈ കൂടിക്കാഴ്ച പുതിയ വഴിത്തിരിവാകുമോയെന്നതാണ് ഇരു സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നത്.

Related Posts