നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരത്തിൽ സമവായം കണ്ടെത്താൻ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധി സംഘം ഇന്ന് കേന്ദ്രസർക്കാരുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30-ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരും സിജെപി നേതാക്കളും പങ്കെടുക്കും.

ചർച്ചയ്ക്ക് നിഷ്പക്ഷമായ വേദി വേണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് വേദിയായി തീരുമാനിച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് നിർണായക കൂടിക്കാഴ്ച.

സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിനെ സിജെപി സ്വാഗതം ചെയ്തെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പാർട്ടി വ്യക്തമാക്കി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ സംവിധാനത്തിലെ സുതാര്യതക്കുറവ്, ഉത്തരവാദിത്തമില്ലായ്മ എന്നിവയാണ് പ്രതിഷേധത്തിൻ്റെ പ്രധാന വിഷയങ്ങൾ.

നേരത്തെ പാർലമെന്റിലേക്ക് നടത്തിയ ‘സംസദ് ചലോ’ മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരുന്നു.

Related Posts