നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പാർലമെന്റ് മാർച്ചിനിടെ വനിതാ പ്രതിഷേധക്കാരിയെ മർദിച്ചതായി ആരോപണമുയർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ചുമതലകളിൽ നിന്ന് നീക്കി. നോർത്ത് ഈസ്റ്റ് ജില്ലയിലെ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സന്ദീപ് ലാംബയ്ക്കെതിരെയാണ് നടപടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. ജന്തർ മന്ദിറിൽ പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെയാണ് സന്ദീപ് ലാംബ ഒരു വനിതാ പ്രവർത്തകയുടെ മുഖത്ത് അടിക്കുന്നതായി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
സംഭവം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നു. പിന്നാലെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റുകയായിരുന്നു.
അതേസമയം, മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ സന്ദീപ് ലാംബയ്ക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.