ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി (35) വീരമൃത്യു വരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ലാൽ ചൗക്ക് മേഖലയിൽ അമർനാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈൻ ഖുറേഷിയെ ഉടൻ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാകിസ്ഥാൻ ആസ്ഥാനമായ ലഷ്കർ-ഇ-ത്വയ്ബയുടെ നിഴൽസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
അമർനാഥ് തീർഥാടനത്തിൻ്റെ സുരക്ഷയ്ക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.