തുമകുരു ജില്ലയിലെ സിറയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിനോട് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ ആവശ്യപ്പെട്ടു. മധ്യ-വടക്കൻ കർണാടകയുടെ വികസനത്തിനും ജനങ്ങളുടെ യാത്രാസൗകര്യത്തിനും ഈ പദ്ധതി നിർണായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജനപ്രതിനിധികളുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് കേന്ദ്രമന്ത്രിക്ക് കത്തയച്ചതെന്ന് സോമണ്ണ അറിയിച്ചു. ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായി കനകപുരയ്ക്ക് പകരം തുമകൂരു പരിഗണിക്കണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ ആവശ്യത്തിന് പിന്നാലെയാണ് ഈ നീക്കം. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും തുമകൂരുവിന് സമീപം വിമാനത്താവളം സ്ഥാപിക്കണമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

തുമകുരു, ചിക്കമഗളൂരു, ദാവൻഗരെ, ചിത്രദുർഗ, ബല്ലാരി, ഹാവേരി, റായ്ച്ചൂർ തുടങ്ങി നിരവധി ജില്ലകളിലെ എം.എൽ.എമാർ കഴിഞ്ഞ വർഷം മാർച്ചിൽ സിറയിൽ വിമാനത്താവളം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുവെന്നും, തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ താൻ കേന്ദ്ര വ്യോമയാന മന്ത്രിക്ക് ഇക്കാര്യം അറിയിച്ചതായും വി.സോമണ്ണ വ്യക്തമാക്കി.

കർണാടകയുടെ വികസനം ഇതുവരെ പ്രധാനമായും ബെംഗളൂരുവിനെ കേന്ദ്രീകരിച്ചാണ് നടന്നതെന്നും ഇനി സംസ്ഥാനത്തിൻ്റെ എല്ലാ മേഖലകളിലും സമതുലിത വികസനം ഉറപ്പാക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. സിറയിൽ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായാൽ മധ്യ-വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം ചരക്ക് ഗതാഗതം, വ്യവസായ നിക്ഷേപം, തൊഴിൽ അവസരങ്ങൾ, പ്രാദേശിക സാമ്പത്തിക വളർച്ച എന്നിവയ്ക്കും വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ.

Related Posts