ലാൽബാഗിൽ ഇരട്ടത്തുരങ്ക റോഡ് നിർമാണത്തിന് മരങ്ങൾ മുറിക്കില്ലെന്ന് കർണാടക സർക്കാർ. ഇരട്ടത്തുരങ്ക പദ്ധതിക്കായി ലാൽബാഗിലെ മരങ്ങൾ മുറിക്കാൻ പദ്ധതിയുണ്ടോയെന്ന ഹൈകോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ. പ്രകാശ് ബെലവാടി, ഡോ. ആദികേശവലു രവീന്ദ്ര എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു ചീഫ് ജസ്റ്റിസ് വിഭു ബഖു, ജസ്റ്റിസ് സി.എം.പൂനാച്ച എന്നിവരടങ്ങിയ ഡി വിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിനോട് ആരാഞ്ഞത്.
ബംഗ ളൂരുവിലെ ഗതാഗതകുരുക്കിന് പരിഹാരമായി, ഹെബ്ബാളിൽനിന്ന് സിൽക്ക് ബോർഡിലേക്ക് ഭൂഗർഭ റോഡ് നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 19,000 കോടി രൂപയാണ് ഇതിനായി ചെലവിടുക.
മരങ്ങൾ മുറിക്കുന്നില്ലെന്നും അതിനായി ഉത്തരവോ ഇടക്കാല ഉത്തരവോ പുറപ്പെടുവിക്കേണ്ടതില്ല എന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഡ്യക്കറ്റ് ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു.