ബെംഗളൂരുവിൻ്റെ ഹരിതാഭ വർധിപ്പിക്കുന്നതിനായി ഓഗസ്റ്റ് 15 മുതൽ ഒരുമാസം നീളുന്ന പ്രത്യേക വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ യജ്ഞത്തിന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) തുടക്കമിടും. നഗരത്തിലെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളുടെ പരിധിയിലായി 64,000ത്തിലധികം തൈകൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി.
ഇത്തവണ കരാറുകാർ മുഖേനയുള്ള പതിവ് രീതിക്ക് പകരം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾക്കും (RWA), സന്നദ്ധസംഘടനകൾക്കും, പൊതുജനങ്ങൾക്കും മുൻഗണന നൽകി പദ്ധതിയിൽ പങ്കാളികളാക്കാനാണ് തീരുമാനം. ഓരോ ലേഔട്ടിലും ആവശ്യമായ എണ്ണം തൈകൾ GBA സൗജന്യമായി നൽകും. വാർഡിലെ അസിസ്റ്റന്റ് എൻജിനീയർമാർ പദ്ധതി ഏകോപിപ്പിക്കുന്ന നോഡൽ ഓഫീസർമാരായിരിക്കും.
മുമ്പ് നട്ട തൈകളിൽ പലതും വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിനാൽ നശിച്ചുവെന്ന കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ സമീപനം. ജനപങ്കാളിത്തം ഉറപ്പാക്കിയാൽ തൈകളുടെ നിലനിൽപ്പ് കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
അതോടൊപ്പം, അപകടഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ, ഉണങ്ങിയ കൊമ്പുകൾ തുടങ്ങിയവ ‘സഹായ’ (Sahaaya) ആപ്പ് വഴി പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനും GBA അഭ്യർഥിച്ചിട്ടുണ്ട്. പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചു.