കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നാഥ് പൈ സർക്കിളിൽ താമസിക്കുന്ന ഐശ്വര്യ മഹേഷ് ലോഹർ (20) എന്ന യുവതിയെയാണ് ബെലഗാവി യെല്ലൂർ സ്വദേശിയായ പ്രശാന്ത് കുണ്ടേഗർ (29) കൊലപ്പെടുത്തിയത്.
ഇയാൾ സംഭവസ്ഥലത്തുവെച്ച് തന്നെ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. പ്രശാന്തും ഐശ്വര്യയും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ, വിവാഹാഭ്യർഥനയുമായി പ്രശാന്ത്, ഐശ്വര്യയുടെ മാതാവിനെ സമീപിച്ചപ്പോൾ അവർ നിരസിച്ചു. പെയിൻ്റിങ് തൊഴിലാളിയായ പ്രശാന്തിന് സാമ്പത്തിക ഭദ്രതയില്ലെന്ന കാരണത്താലാണ് വിവാഹാഭ്യർഥന നിരസിച്ചതെന്നാണ് റിപ്പോർട്ട്.
പിന്നീട് ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന ഐശ്വര്യയെ കാണാനായി പ്രശാന്ത് അവിടെ എത്തുകയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ആവശ്യം നിരസിച്ചതോടെ പ്രശാന്തിൻ്റെ കൈവശം കരുതിയിരുന്ന വിഷം ബലമായി ഐശ്വര്യയെ കഴിപ്പിക്കാൻ ശ്രമിച്ചു. ഇത് നടക്കാതായപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഐശ്വര്യയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.