രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് നാളെ തുടക്കം. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ജിന്ദ്–സോനിപത് റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുക.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപന ചെയ്ത ട്രെയിനിൽ എട്ട് യാത്രാ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവർ കാറുകളും ഉൾപ്പെടെ ആകെ പത്ത് കോച്ചുകളാണുള്ളത്. 2,400 കിലോവാട്ട് ശേഷിയുള്ള ഈ ട്രെയിൻ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈഡ്രജൻ ട്രെയിൻ സെറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്–സോനിപത് പാതയിൽ മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലാണ് സർവീസ്. ഒരു യാത്രയിൽ 682 യാത്രക്കാരെ വരെ കൊണ്ടുപോകാൻ ശേഷിയുള്ള ട്രെയിൻ ദിവസവും രണ്ട് റൗണ്ട് ട്രിപ്പുകൾ നടത്തും. ആകെ 356 കിലോമീറ്റർ സർവീസ് നടത്തുന്നതിനായി ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ഇന്ധനമായാണ് ഉപയോഗിക്കുക.
അതേ ദിവസം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലായി 1,570 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷനുകൾ നവീകരിച്ചിരിക്കുന്നത്. ആധുനിക യാത്രാസൗകര്യങ്ങൾക്കൊപ്പം അതത് പ്രദേശങ്ങളുടെ പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നത്.
ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിനുകൾ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൻ്റെ പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. ജർമനിക്കുശേഷം ഇന്ത്യയും ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് എത്തുകയാണ്.