നോയിഡയിലെ അഞ്ചുനില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. ഉച്ചയോടെ മമുറ ഗ്രാമത്തിൽ ഉണ്ടായ അപകടത്തിന് പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിൽ നിന്നുണ്ടായ തീപ്പൊരിയാണ് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിങ്ങിൽ തീപിടിച്ചതോടെ സമീപത്തുണ്ടായിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും തീ അതിവേഗം പടർന്നു. കെട്ടിടത്തിനുള്ളിൽ കനത്ത പുക നിറഞ്ഞതോടെ നിരവധി കുടുംബങ്ങൾ കുടുങ്ങി. ഗൗതം ബുദ്ധ നഗർ അഗ്നിരക്ഷാസേനയും പൊലീസും നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി.
അപകടത്തിൽ രണ്ട് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട രണ്ട് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്കിങ് സൗകര്യമുള്ള ജി+4 മാതൃകയിലുള്ള കെട്ടിടമായതിനാൽ പുക വളരെ വേഗത്തിൽ മുകളിലെ നിലകളിലേക്ക് വ്യാപിച്ചതായി ജോയിന്റ് പൊലീസ് കമ്മീഷണർ അറിയിച്ചു.
ഏഴ് ഫയർ ടെൻഡറുകളും ഹൈഡ്രോളിക് പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്