ഇറാനെതിരായ അമേരിക്കൻ ആക്രമണം ശക്തമായതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിച്ചതും ആഗോള എണ്ണവിപണിയെ വീണ്ടും ആശങ്കയിലാഴ്ത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുമെന്ന ഭീതിയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു. ഇതോടെ ഇന്ത്യയിൽ ഇന്ധനവിലയും പാചകവാതക വിതരണവും വീണ്ടും പ്രതിസന്ധിയിലാകുമെന്ന ആശങ്ക ശക്തമാണ്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് അഞ്ച് ശതമാനത്തിലധികം ഉയർന്ന് 86 ഡോളർ കടന്നപ്പോൾ, അമേരിക്കൻ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 80 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്ത്യയുടെ ക്രൂഡോയിൽ ആവശ്യത്തിൻ്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതേസമയം രാജ്യത്തെ എൽപിജി ഇറക്കുമതിയുടെ 80 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. സംഘർഷം നീണ്ടുനിൽക്കുകയും കപ്പൽഗതാഗതം കൂടുതൽ തടസ്സപ്പെടുകയും ചെയ്താൽ പാചകവാതക വിതരണത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്നാണ് വിലയിരുത്തൽ.
വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം ഹോർമുസ് വഴിയുള്ള ഗതാഗതം കൂടുതൽ ബാധിക്കപ്പെട്ടാൽ ക്രൂഡോയിൽ വില ബാരലിന് 95 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. മറ്റ് വിപണികളിൽ നിന്ന് എണ്ണയും എൽപിജിയും വാങ്ങാൻ കഴിയുമെങ്കിലും അതിന് കൂടുതൽ ചെലവ് വരുമെന്നും എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.