മലയാളിക്ക് അഭിമാന നിമിഷം; ഡോ.അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് യുഎസ് സ്പേസ് ഫോഴ്സ് കേണലും ഇന്ത്യൻ വംശജനുമായ ഡോ.അനിൽ മേനോൻ സ്വന്തമാക്കിയത്. ബഹിരാകാശം കീഴടക്കുന്ന ആദ്യ മലയാളി എന്ന ചരിത്രവും ഇതോടെ അദ്ദേഹത്തിൻ്റെ പേരിലായി.
കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസിൻ്റെ സോയൂസ് എംഎസ്-29 ദൗത്യത്തിൻ്റെ ഭാഗമായാണ് അനിൽ മേനോനും സംഘവും ഇന്ത്യൻ സമയം രാത്രി 8.17ന് യാത്ര തിരിച്ചത്. ഇന്ത്യൻ സമയം രാത്രി 11.30ന് സോയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്യുകയും പുലർച്ചെ 1.25ന് സംഘം ഐഎസ്എസിൽ പ്രവേശിക്കുകയും ചെയ്തു.
റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിൽ മേനോൻ്റെ സഹയാത്രികർ. ഏകദേശം എട്ട് മാസത്തോളം സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളിലും ഗവേഷണ ദൗത്യങ്ങളിലും പങ്കെടുക്കും.
ഇന്ത്യൻ വംശജനായ അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും യുഎസ് സ്പേസ് ഫോഴ്സ് കേണലുമായ ഡോ. അനിൽ മേനോൻ അമേരിക്കയിലാണ് ജനിച്ചതും വളർന്നതും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോൻ്റെ മകനായ അനിൽ, ഈ ദൗത്യത്തിലൂടെ മലയാളികൾക്ക് അഭിമാനകരമായ മറ്റൊരു ചരിത്രനേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.