കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ പാക് പൗരത്വം മറച്ചുവെച്ച് ഇന്ത്യൻ രേഖകൾ കൈവശം വെച്ചെന്നാരോപിച്ച് അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ സ്വദേശികളായ ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് പിടിയിലായത്. ബാഗേപ്പള്ളി സ്വദേശി മുഹമ്മദ് അയൂബ് ഖാൻ യുഎഇയിൽ ജോലി ചെയ്യുന്നതിനിടെ ഫറാ നാസിനെ വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ മൂത്ത മകനായ ഫർദീൻ പാക്കിസ്ഥാനിലാണ് ജനിച്ചത്. പിന്നീട് കുടുംബം കർണാടകയിലെ ബാഗേപ്പള്ളിയിൽ താമസമാക്കിയിരുന്നു.

പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വോട്ടർ ഐഡി കാർഡും റേഷൻ കാർഡും നേടിയെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ ആരോപണം ശരിവെച്ചതോടെ രേഖകൾ റദ്ദാക്കിയ ജില്ലാ ഭരണകൂടം, ഭാരതീയ ന്യായ സംഹിത, ഫോറിനേഴ്സ് ആക്ട്, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു.

സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെയോ ഇടനിലക്കാരുടെയോ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. അതേസമയം, സ്ഥിര താമസ സർട്ടിഫിക്കറ്റ് (PRC) നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിനിടെയാണ് ഈ അറസ്റ്റ് ശ്രദ്ധേയമായിരിക്കുന്നത്.

Related Posts