എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. “നിങ്ങളാണ് എല്ലാമെന്ന് കരുതരുത്. താനാണ് ജനറൽ സെക്രട്ടറി എന്ന പേരിൽ ആരെ വരാൻ അനുവദിക്കണമെന്ന് തീരുമാനിക്കരുത്. എല്ലാവർക്കും പ്രവേശനമുണ്ടാകണം” എന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിൻ്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭൻ്റെ പ്രതിമയുടെ അനാച്ഛാദനവും നിർവഹിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. കേരളത്തിൻ്റെ സാമൂഹിക പുരോഗതിയിൽ മന്നത്ത് പത്മനാഭൻ്റെയും ശ്രീനാരായണ ഗുരുവിൻ്റെയും സംഭാവനകൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, “പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും” എന്നായിരുന്നു പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം മാറ്റങ്ങൾ പ്രകടമാണെന്നും പുതിയ ബദൽ മാർഗങ്ങൾ ഉയർന്നുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നിഷേധിച്ചെന്ന വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും പരാമർശങ്ങൾ ശ്രദ്ധേയമായത്.