ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിലെത്തി. വെല്ലിംഗ്ടൺ വിമാനത്താവളത്തിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്. രാജീവ് ഗാന്ധിക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായതിനാൽ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുനേതാക്കളും നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, കാർഷികം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ പരിഗണിക്കും.

ഓസ്ട്രേലിയൻ സന്ദർശനത്തിൽ കായിക-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇന്ത്യ കൈവരിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബണീസും പങ്കെടുത്തു. ഇതിഹാസ ക്രിക്കറ്റ് താരം സ്റ്റീവ് വോ ഉൾപ്പെടെ നിരവധി പ്രമുഖ കായികതാരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചതും മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിലെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇപ്പോൾ ന്യൂസീലൻഡ് സന്ദർശനത്തിലൂടെ ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾക്ക് കൂടുതൽ കരുത്തേകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Related Posts