ബെംഗളൂരുവിൽ മുൻ കാമുകൻ നടത്തിയ കത്തി ആക്രമണത്തിൽ 18-കാരിയായ യുവതി ഗുരുതരമായി പരിക്കേറ്റു. രാമഗൊണ്ടനഹള്ളിയിലെ വീട്ടിൽവെച്ചാണ് നന്ദിനി ദാസ് എന്ന യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ പ്രതിയായ ബന്ദേ നവാസ് ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
യുവതിയുടെ വീട്ടിലെത്തിയ പ്രതി കഴുത്ത്, നെഞ്ച്, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് സ്വന്തം കഴുത്തിലും കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദിനി ദാസ് മണിപ്പാൽ ആശുപത്രിയിലും പ്രതി വൈദേഹി ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകശ്രമം സംബന്ധിച്ച വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തിടെയായി ബെംഗളൂരുവിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ സംഭവവും ആശങ്ക ഉയർത്തിയിരിക്കുകയാണ്.