ഉത്തര കന്നട ജില്ലയിലെ യെല്ലാപൂർ താലൂക്കിലെ അരബൈൽ ഘട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.30ഓടെ ദേശീയപാത 52-ലാണ് അപകടമുണ്ടായത്.

ധാർവാഡിൽ നിന്ന് ധർമ്മസ്ഥലയിലേക്കും ചിക്കമംഗളൂരുവിലേക്കും യാത്രതിരിച്ച സംഘമാണ് അപകടത്തിൽപ്പെട്ടത്. എംയുവി കാർ എതിർദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അക്ഷയ് (26), അഭിഷേക് ഈശ്വർ (28), അഭിഷേക് (27), ബസപ്പ (38), മഞ്ജുനാഥ് (33), സഞ്ജീവ് (33) എന്നിവരാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി പിന്നീട് മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ ഏഴായി.

അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ രണ്ടുപേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts