ദക്ഷിണ കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട ഭീകരൻ സക്കീർ ഗനായി സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആറു ദിവസമായി തുടരുന്ന സംയുക്ത തിരച്ചിൽ-സൈനിക നടപടിക്കൊടുവിലാണ് ഭീകരനെ വധിച്ചത്.

കരസേന, ജമ്മു-കാശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. 26 വയസുകാരനായ സക്കീർ ഗനായി കുൽഗാം ജില്ലയിലെ മോതൽഹാമ് സ്വദേശിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാൾ നിരവധി കേസുകളിൽ സുരക്ഷാസേനയുടെ നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നു. നേരത്തെ നടന്ന ഏറ്റുമുട്ടലിൽ ഇയാൾക്ക് പരിക്കേറ്റിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ഷോപിയാനിൽ ഭീകരവിരുദ്ധ നടപടികൾ ശക്തമായി തുടരുകയാണെന്നും പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Related Posts