മൈസുരു ജില്ലയിലെ നഞ്ചൻഗുഡിൽ മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് 85.70 ലക്ഷം രൂപ കവർന്ന കേസിൽ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 11 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ ആസൂത്രകരായ മൂന്ന് പേർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് മൈസുരു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അറസ്റ്റിലായവരിൽ മലപ്പുറം സ്വദേശി മുഹമ്മദ് ഹർഷാദ് (32), തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ സുധാകർ (42), ജുനൈൽ ആബിദ് (43), നിസാമുദ്ദീൻ (30), ആസിഫ് (31), ഉബൈസ് (54), സുഹൈൽ (32) എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യസൂത്രധാരന്മാരായ മുനീർ, ഫൈസൽ ബാബു, മുനീർ എന്നിവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ജൂലൈ ഒന്നിന് വൈകിട്ട് സിന്ധുവല്ലി പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ ഇലക്ട്രിക്കൽ എൻജിനീയർ അൻസിൽ റഹ്‌മാനും സുഹൃത്തും മൈസൂരുവിൽ സ്വർണം വിറ്റ് ലഭിച്ച പണവുമായി മടങ്ങുന്നതിനിടെയാണ് ബൈക്കുകളിലെത്തിയ സംഘം കാർ തടഞ്ഞത്.

ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരെയും കാറിൽ നിന്ന് പുറത്തിറക്കി മർദിക്കുകയും, 85.70 ലക്ഷം രൂപ കവർന്ന് പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ഇരുവരും പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related Posts