ബെംഗളൂരുവിൽ മഴക്കുറവും ഭൂഗർഭജലനിരപ്പ് താഴുന്നതും പരിഗണിച്ച് കുടിവെള്ള ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB). 1964-ലെ BWSSB നിയമത്തിലെ സെക്ഷൻ 33, 34 പ്രകാരമാണ് മൂന്ന് പ്രധാന നിയന്ത്രണ ഉത്തരവുകൾ പുറത്തിറക്കിയത്. വരും ദിവസങ്ങളിൽ ഇവ കർശനമായി നടപ്പാക്കുമെന്ന് ബോർഡ് അറിയിച്ചു.
പുതിയ നിർദേശപ്രകാരം കുടിവെള്ളം ഉപയോഗിച്ച് നീന്തൽക്കുളങ്ങൾ നിറയ്ക്കുന്നത് പൂർണമായും നിരോധിച്ചു. എന്നാൽ ദേശീയ-സംസ്ഥാനതല കായികമത്സരങ്ങൾക്കായി പരിശീലനം നടത്തുന്ന അത്ലറ്റുകൾ ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങൾക്ക് ബോർഡിൻ്റെ മുൻകൂർ അനുമതിയോടെ ഇളവ് ലഭിക്കും.
വാഹനങ്ങൾ കഴുകൽ, കെട്ടിടനിർമാണം, അലങ്കാര ജലധാരകൾ (ഫൗണ്ടനുകൾ), സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെ കുടിവെള്ളമല്ലാത്ത ആവശ്യങ്ങൾ, റോഡ് നിർമാണം, റോഡ് വൃത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കും ഇനി കുടിവെള്ളം ഉപയോഗിക്കാനാവില്ല.
അതോടൊപ്പം, അപ്പാർട്ട്മെന്റുകൾ, മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ തുടങ്ങി പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ കെട്ടിടങ്ങളിലെയും ടാപ്പുകളിൽ ഫ്ലോ റെസ്ട്രിക്ടറുകളോ എയറേറ്ററുകളോ നിർബന്ധമായും സ്ഥാപിക്കണം. ജൂലൈ 31-നകം ഈ നിർദേശം പൂർണമായും നടപ്പാക്കാനാണ് BWSSB നിർദേശിച്ചിരിക്കുന്നത്.
ഏകദേശം 1.4 കോടി ജനങ്ങൾ താമസിക്കുകയും ദിവസേന നഗരത്തിലെത്തുകയും ചെയ്യുന്ന ബെംഗളൂരുവിൽ കുടിവെള്ളം തുല്യമായും ഉത്തരവാദിത്തത്തോടെയും വിതരണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് BWSSB വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ഭൂഗർഭജലനിരപ്പ് അപകടകരമായി താഴുന്ന സാഹചര്യത്തിൽ വെള്ളം പാഴാക്കുന്നത് തടയുകയും ജലസംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ബോർഡ് വിശദീകരിച്ചു.