മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ഒരു മാസം പൂർത്തിയായതിൻ്റെ പശ്ചാത്തലത്തിൽ ഡി.കെ. ശിവകുമാർ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി സന്ദർശിച്ചു. ഭാര്യ ഉഷയും സഹോദരനും മുൻ എംപിയുമായ ഡി.കെ. സുരേഷും ഒപ്പമുണ്ടായിരുന്നു. സിദ്ധരാമയ്യയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രാതൽ കഴിച്ച ശേഷമാണ് ഇരുവരും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയത്.

സന്ദർശനത്തിൻ്റെ ചിത്രങ്ങൾ ഡി.കെ. ശിവകുമാർ എക്സിലൂടെ പങ്കുവെച്ചു. സിദ്ധരാമയ്യയുടെ നേതൃത്വപാടവവും ഭരണപരിചയവും ജനങ്ങളോടുള്ള പ്രതിബദ്ധതയും സംസ്ഥാനത്തിൻ്റെ വികസനത്തിന് ശക്തമായ അടിത്തറയാണെന്ന് അദ്ദേഹം കുറിച്ചു. അദ്ദേഹത്തിൻ്റെ മാർഗനിർദേശങ്ങളും അനുഗ്രഹവും തനിക്ക് ഏറെ വിലപ്പെട്ടതാണെന്നും ശിവകുമാർ വ്യക്തമാക്കി.

അതേസമയം, ശിവകുമാറിനൊപ്പം പ്രാതൽ കഴിക്കുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതായി സിദ്ധരാമയ്യയും എക്സിലൂടെ അറിയിച്ചു.

സിദ്ധരാമയ്യ മേയ് 28-ന് രാജി പ്രഖ്യാപിച്ച മന്ത്രിസഭാ യോഗത്തിൽ ഡി.കെ. ശിവകുമാർ അദ്ദേഹത്തിൻ്റെ കാൽതൊട്ട് വണങ്ങിയ സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ജൂൺ 3-ന് 13 മന്ത്രിമാർക്കൊപ്പം ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Related Posts