പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വലിയ വെല്ലുവിളി ഉയർത്തി തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗം. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി ആസ്ഥാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെ, യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളുടേതാണെന്ന് ഋതബ്രത ബാനർജി അവകാശപ്പെട്ടു. പാർട്ടിയുടെ പേരും ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിഭാഗം എംഎൽഎമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ ടി.എം.സി കൗൺസിലർമാർ പങ്കെടുത്ത യോഗം സംഘടിപ്പിച്ചുകൊണ്ട് തങ്ങളുടെ ശക്തി തെളിയിച്ചെന്നും വിമതർ പറയുന്നു.
അതേസമയം, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അനധികൃതമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് മമത ബാനർജിയുടെ അടുത്ത അനുയായിയും നേതാവുമായ ഡോള സെൻ വിമത എംഎൽഎമാർക്കെതിരെ പൊലീസിൽ പരാതി നൽകി. വ്യാജരേഖകൾ ചമയ്ക്കൽ, ആളുമാറി പാർട്ടിയുടെ പേര് ഉപയോഗിക്കൽ, അനധികൃത യോഗങ്ങൾ സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനാണ് ജനങ്ങൾ ജനവിധി നൽകിയതെന്നും, ചില നേതാക്കളോ മുൻ കൗൺസിലർമാരോ പാർട്ടി വിട്ടുപോയതുകൊണ്ട് സംഘടനയുടെ ജനപിന്തുണയ്ക്ക് യാതൊരു കുറവും സംഭവിക്കില്ലെന്നും ടി.എം.സി എം.പി മഹുവ മൊയ്ത്ര പ്രതികരിച്ചു.