കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന് വീണ്ടും തിരിച്ചടി. അറസ്റ്റിൽ നിന്ന് സംരക്ഷണം തുടരണം എന്ന ആവശ്യം കേരള ഹൈക്കോടതി തള്ളി. കേസിൽ ഇടപെടാൻ അധികാരപരിധിയില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
മധ്യപ്രദേശിലെ പ്രത്യേക പോക്സോ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട നടപടികൾ മധ്യപ്രദേശിലാണ് നടക്കുന്നതെന്നും അതിനാൽ കേരള ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി സ്വദേശിയായ ഫർഹാനും കുംഭമേള വൈറൽ താരമായ പെൺകുട്ടിയും നിലവിൽ കേരളത്തിൽ തുടരുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നീട്ടണമെന്ന ആവശ്യവും ഹൈക്കോടതിക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കാര്യം കഴിഞ്ഞ ഹർജി പരിഗണിക്കുമ്പോൾ അറിയിച്ചിരുന്നില്ലെന്നും കോടതി രേഖപ്പെടുത്തി.
മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. തുടർന്നാണ് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി അദ്ദേഹം വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്.