വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിൻ്റെ തുടക്കത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാകുന്നു. ബെംഗളൂരുവിലെ ബിഇഎംഎൽ (BEML) നിർമ്മിച്ച രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെഎസ്ആർ) റെയിൽവേ സ്റ്റേഷനിലെ കോച്ചിങ് ലൈനിലെത്തിച്ചിരിക്കുന്നത്. സാങ്കേതിക പരിശോധനകളും പരീക്ഷണ ഓട്ടവും പൂർത്തിയാക്കിയ ശേഷമാകും ട്രെയിനുകൾ സർവീസിനിറക്കുക.
റെയിൽവേ അധികൃതരുടെ വിവരമനുസരിച്ച്, ട്രെയിനുകൾ ഉടൻ തന്നെ പിറ്റ് ലൈനിലേക്ക് മാറ്റി വിശദമായ പരിശോധനകൾ ആരംഭിക്കും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ബ്രേക്കിങ് സംവിധാനം, ആശയവിനിമയ സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയാണ് പരിശോധനയിൽ പ്രധാനമായും വിലയിരുത്തുക.
എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കി സുരക്ഷാ അനുമതി ലഭിച്ച ശേഷമേ ട്രെയിനുകൾ വാണിജ്യ സർവീസിനായി അനുവദിക്കൂ. അതേസമയം, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ സർവീസ് ഏത് റൂട്ടിലായിരിക്കുമെന്ന കാര്യത്തിൽ റെയിൽവേ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പരീക്ഷണ ഓട്ടത്തിൻ്റെ ഫലത്തെ അടിസ്ഥാനമാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.