കർണാടകയിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ (Special Intensive Revision – SIR) ഭാഗമായി ഇന്ന് മുതൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യും. സംസ്ഥാനത്തെ 5.54 കോടി വോട്ടർമാരിലേക്കാണ് ജൂലൈ 29 വരെ ഫോം വിതരണം നടത്തുന്നത്.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരട് വോട്ടർ പട്ടിക ഓഗസ്റ്റ് 5ന് പ്രസിദ്ധീകരിക്കും. തുടർന്ന് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4 വരെ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസരം വോട്ടർമാർക്ക് ലഭിക്കും. ലഭിക്കുന്ന പരാതികളിൽ ഒക്ടോബർ 3നകം തീർപ്പുകൽപ്പിച്ച ശേഷം അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 7ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി. അൻപുകുമാർ അറിയിച്ചു.
പരിഷ്കരണ നടപടികൾക്കായി സംസ്ഥാനത്താകെ 59,050 ബിഎൽഒമാരെയും 7,556 ബൂത്ത് തല സൂപ്പർവൈസർമാരെയും 224 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെയും ഉൾപ്പെടെ 68,123 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. അർഹരായ ഒരു വോട്ടർക്കും പട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ഏകദേശം 1.15 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരെയും നിയമിച്ചിട്ടുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ബിഎൽഒമാരുടെ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന കോൺഗ്രസ് ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച പരാതികൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് വി. അൻപുകുമാർ വ്യക്തമാക്കി.