ബെംഗളൂരുവിന് സമീപത്തെ ചിക്കബല്ലാപ്പൂർ ജില്ലയിലെ മുദ്ദനഹള്ളിയിലെ ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഹോംസ്റ്റേ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്കൊപ്പം ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് സഞ്ജീത് അലിയെ ബോധരഹിതനായി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.

ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. തിങ്കളാഴ്ച നിശ്ചയിച്ച സമയത്ത് മുറി ഒഴിയാതിരിക്കുകയും പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരിക്കുകയും ചെയ്തതോടെ ജീവനക്കാർ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് യുവതിയെ മരിച്ച നിലയിലും സഞ്ജീത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് കയറും ചില ഗുളികകളും ഒരു ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷം ഉള്ളിൽച്ചെന്നാണോ മരണം സംഭവിച്ചതെന്നും, തൂങ്ങിമരണമാണോ അതോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ മരണത്തിന് ഇടയായതെന്നും ഫോറൻസിക് പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

യുവതിയെ കൊലപ്പെടുത്തിയ ശേഷം സഞ്ജീത് അലി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അല്ലെങ്കിൽ ഇരുവരും ചേർന്ന് ജീവനൊടുക്കാൻ തീരുമാനിച്ചതാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്. നിലവിൽ ഒരു സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

അതേസമയം, ഏറെനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തെ കുടുംബങ്ങൾ ശക്തമായി എതിർത്തിരുന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. മുമ്പും ഇവർ വീടുവിട്ടിറങ്ങിയ സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നും തുടർന്ന് കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് പൊലീസ് ഇരുവരെയും കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചിരുന്നുവെന്നുമാണ് വിവരം.

Related Posts